Monday, January 6, 2025
Kerala

ഹർഷിനക്ക് നീതി ഉറപ്പാക്കണം, വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം’: മുഖ്യമന്ത്രിക്ക് രാഹുലിൻ്റെ കത്ത്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി. ഹർഷിനയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്നും രാഹുൽ.

എന്റെ നിയോജകമണ്ഡലത്തിൽ പെട്ടയാളാണ് ഹർഷിന. 2017-ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ അനാസ്ഥ മൂലം ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. അടുത്തിടെ വയനാട് സന്ദർശിച്ചപ്പോൾ ഹർഷിനയെയും കുടുംബത്തെയും കണ്ടു. തങ്ങളുടെ അവസ്ഥയെക്കുറിച്ചും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും എന്നെ അറിയിച്ചു’ – രാഹുൽ കത്തിൽ പറയുന്നു.

‘അശ്രദ്ധയുടെ അനന്തരഫലങ്ങൾക്കൊപ്പം അഞ്ച് വർഷത്തിലേറെയായി ജീവിക്കുന്ന ഹർഷിനയുടെ അതികഠിനമായ വേദനയെക്കുറിച്ച് അറിഞ്ഞപ്പോൾ സങ്കടം തോന്നി. സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും 2 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കുന്നു. എന്നാൽ, ഈ കേസിന്റെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കുകയും മതിയായ നഷ്ടപരിഹാരം നൽകണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നു’ – രാഹുൽ തുടർന്നു.

ഗുരുതരമായ ഇത്തരം സംഭവങ്ങൾക്കെതിരെ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇരകൾ നീതിക്കുവേണ്ടി തെരുവിലിറങ്ങാൻ നിർബന്ധിതരാകാതിരിക്കാൻ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും രാഹുൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *