തൃക്കാക്കര കോൺഗ്രസ് നേതാവിനെ മർദ്ദിച്ചെന്ന് പരാതി; കാരണം പാർട്ടിക്കുള്ളിലെ തർക്കങ്ങളെന്ന് പരാതിക്കാരൻ
തൃക്കാക്കര കോൺഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡൻ്റ് രതീഷ് കുമാറിനെ മർദ്ദിച്ചെന്ന് പരാതി. നാല് പേർ ചേർന്ന് ഇരുമ്പുവടി കൊണ്ട് മർദ്ദിച്ചെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണി ഉയർത്തിയെന്നും പരാതി ഉയരുന്നു. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരം 4 മണിയോ തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു സംഭവം. ഒരു ജാഥയിൽ പങ്കെടുക്കുകയായിരുന്ന രതീഷിനെ 4 പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇയാളെ അടുത്തുള്ള റെസ്റ്ററൻ്റിലേക്ക് കൊണ്ടുപോവുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന ചില തർക്കങ്ങളാണ് ആക്രമണത്തിനു കാരണമെന്നും രതീഷ് പറയുന്നു. മർദ്ദനമേറ്റതിനു പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രതീഷിൻ്റെ തലയ്ക്ക് പരുക്കും ശരീരത്തിൽ പല ഭാഗത്തും ചതവുകളുമുണ്ട്.