മുതലപ്പൊഴി സംഘര്‍ഷം: ഫാ.യൂജിന്‍ പെരേരയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; പ്രതിഷേധവുമായി ലത്തീന്‍ സഭ
തിരുവനന്തപുരം മുതലപ്പൊഴി സംഘര്‍ഷത്തില്‍ ഫാദര്‍ യൂജിന്‍ പെരേരയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ലത്തീന്‍ സഭയുടെ പ്രതിഷേധം. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓരോ ഇടവകകളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. മുതലപ്പൊഴിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെടുന്നു.
മുതലപ്പൊഴിയില്‍ ചൊവ്വാഴ്ച അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ ഫിഷറീസ് വിദഗ്ധരടങ്ങിയ സംഘം നാളെ മുതലപ്പൊഴി സന്ദര്‍ശിക്കും. മന്ത്രി സജി ചെറിയാനും അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്.
മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവത്തില്‍ കേസെടുത്തത് വിഷയങ്ങളില്‍ ഇടപെടുന്നവരെ നിശബ്ദരാക്കാനാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര 24നോട് പറഞ്ഞു. സന്ദര്‍ശനത്തിനിടെ മന്ത്രിമാരാണ് ക്ഷുഭിതരായതെന്നും മുതലപ്പൊഴിയിലേത് ഭരണകൂടത്തിന്റെ ആസൂത്രണ നീക്കമാണെന്നും ഫാ. യൂജിന്‍ പെരേര പറയുന്നു.
ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചത്.