Saturday, October 19, 2024
Kerala

ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ

ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ. ടിക്കറ്റിതര വരുമാനം വേറെയാണ്. ഓരോ ദിവസവും ടിക്കറ്റിൽ നിന്ന് മാത്രം ലഭിച്ചത് ലക്ഷങ്ങളാണ്. 210 കോടി രൂപയുണ്ടെങ്കിൽ ശമ്പളം നൽകാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.

കെഎസ്ആർടിസിയിലെ പരസ്യവും കെട്ടിടങ്ങളുടെ വാടകയും സഹിതം മൊത്തവരുമാനം 230 കോടി രൂപ ലഭിച്ചെന്ന് സിഎംഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 210 കോടി രൂപയ്ക്ക് മുകളിൽ വരുമാനം ലഭിച്ചാൽ ധനവകുപ്പിൻ്റെ സഹായമില്ലാതെ ശമ്പളം നൽകാമെന്നായിരുന്നു ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞത്. ഇത്ര വരുമാനമുണ്ടായിട്ടും എന്താണ് കെഎസ്ആർടിസി നഷ്ടത്തിലെന്ന് പറയാൻ കാരണമെന്ന് തൊഴിലാളികൾ ചോദിക്കുന്നു. കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് വരുത്തിത്തീർത്ത് സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണെന്നും സിഐടിയു ആരോപിച്ചു.

കെഎസ്ആർടിസിയിലെ പ്രതിസന്ധിയെ തുടർന്ന് സിഎംഡി സ്ഥാനത്ത് മാറ്റണമെന്ന് ബിജു പ്രഭാകറിന്റെ ആവശ്യത്തിൽ പ്രതികരിച്ച് സംസ്ഥാന സർക്കാർ. സിഎംഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകർ ഒഴിയേണ്ടെന്ന് സർക്കാർ നിർദേശിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണു വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു.

ശമ്പളം മുഴുവൻ നൽകിയില്ലെങ്കിൽ കെഎസ്ആർടിസി സിഎംഡി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കെഎസ്ആർടിസി പ്രതിസന്ധി വിശദീകരിക്കാൻ സിഎംഡി ഹാജരായാൽ കഴിയുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്.

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്കുള്ള പ്രധാനകാരണം ധനവകുപ്പിന്റെ നിസഹകരണമാണെന്ന് മുഖ്യമന്ത്രിയെ അറിയിക്കാൻ ഗതാഗത വകുപ്പ് ശ്രമം നടത്തുന്നുണ്ട്. അതേസമയം കെഎസ്ആർടിസിയിൽ രണ്ടാം ഘഡു ശമ്പളവിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published.