മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തും
സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് സന്ദർശനം നടത്തും.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തലസ്ഥാനത്ത് കേന്ദ്ര സംഘം എത്തിയത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രി വീണാ ജോർജുമായും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും സംഘം കൂടിക്കാഴ്ച നടത്തും.
വിമാനത്തിലെ മറ്റ് യാത്രക്കാരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. അതിനിടെ മങ്കിപോക്‌സ് രോഗി സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവർമാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാൽ രോഗി മെഡിക്കൽ കോളേജിലേക്ക് പോയ കാറിന്റെ ഡ്രൈവറെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.