Tuesday, January 7, 2025
Kerala

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ല: വിചാരണ കോടതി ജഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുപയോഗിച്ച്  ദൃശ്യങ്ങൾ താൻ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജ‍ഡ്ജി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർ‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറൻസിക് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാൽ പറഞ്ഞു.

ഫൊറൻസിക് റിപ്പോർട് ഇന്ന് വിചാരണക്കോടതിൽ സമർപ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വർഗീസിന്‍റെ പരാമർശങ്ങൾ.  മെമ്മറി കാർഡ്‌ ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ്, അന്ന് ഈ ടവർ ലൊക്കേഷനിൽ ആരൊക്കെയുണ്ടായിരുന്നു  തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. ഇതിന്‍റെ പേരിൽ  കോടതിയെ സംശയത്തിൽ നിർത്തുന്നത് ശരിയല്ല.  ഈ  ദൃശ്യങ്ങൾ കാണാൻ തനിക്ക് പ്രത്യേകിച്ച് താത്പര്യം ഒന്നുമില്ല.  ദൃശ്യങ്ങൾ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും ബിഗ് നോ എന്നായിരുന്നു തന്‍റെ  മറുപടി. കേസിന്‍റെ  വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്വം കോടതിയ്ക്കുളളത്.  നടിയെ ആക്രമിച്ച കേസിന്‍റെ  തുടരന്വേഷണം അവസാനിപ്പിക്കുന്നതിൽ എന്തായി തീരുമാനമെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *