കോവിഡ് പ്രതിരോധം; കാസര്കോട് ജില്ലയില്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം ആറ് മണി വരെ
സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും പോലീസ് നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള പൊതുഗതാഗതവും നിരോധിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന് മുതല്‍ അടച്ചിടും
ചെങ്കള, മഞ്ചേശ്വരം, മധൂര്‍ പഞ്ചായത്തുകളിലാണ് സമ്പര്‍ക്ക രോഗികള്‍ കൂടുന്നത്. ചെങ്കളയില്‍ മാത്രം ഇന്നലെ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്ക രോഗികളാണ്. അതിര്‍ത്തി കടന്ന് ദിവസപാസിലൂടെ യാത്ര ചെയ്തവരില്‍ നിന്നാണ് രോഗം പടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കിയിട്ടുണ്ട്.