കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച കെ. പി നൂഹിന്റെ വീട് സന്ദര്‍ശിച്ച് NBTC പ്രതിനിധികള്‍; കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു
കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ നഷ്ടമായ മലപ്പുറം സ്വദേശി കെ പി നൂഹിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എന്‍ബിടിസി മാനേജ്‌മെന്റ് പ്രതിനിധികള്‍. എന്‍ബിടിസി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബെൻസൺ അബ്രഹാമും സംഘവുമാണ് നൂഹിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. നൂഹിന്റെ വേര്‍പാടില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം കുടുംബത്തിന് തുടര്‍ന്നുള്ള എല്ലാ പിന്തുണയും ഉറപ്പു നല്‍കിയെന്ന് എന്‍ബിടിസി സംഘമറിയിച്ചു.
നൂഹിന്റെ മൂത്ത് മകള്‍ക്ക് നഷ്ടപരിഹാരമായ എട്ട് ലക്ഷം രൂപയുടെ ചെക്ക് എന്‍ബിടിസി കൈമാറി. ഭാര്യയുടെയും സഹോദരന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്. 9ാം ക്ലാസിലും ആറിലും മൂന്നിലും പഠിക്കുന്ന മൂന്ന് പെണ്‍ മക്കളാണ് നൂഹിനുള്ളത്. കുട്ടികളുടെ ഡിഗ്രി വരെയുള്ള മുഴുവന്‍ പഠനച്ചിലവും കമ്പനി വഹിക്കും.
കഴിഞ്ഞ ഏപ്രിലിലാണ് ഹൈവേ സെന്ററില്‍ ഫിഷ് കട്ടറായി നൂഹ് ജോലിക്കെത്തിയത്. 11 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുടര്‍ന്നായിരുന്നു നൂഹ് പ്രവാസം തുടര്‍ന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന ഈ ചെറുപ്പക്കാരന്‍. ഹൃദ്രോഗിയായിരുന്ന നൂഹിന് ശ്വാസ സംബന്ധമായ അസുഖവുമുണ്ടായിരുന്നു.
ബറത്താണ് നൂഹിന്റെ ഭാര്യ. മക്കള്‍-ഫാത്തിമ, നഫ്ല, ഫാത്തിമ നസ്വ, ഫാത്തിമ നജ്ല. കൂട്ടായി റാത്തീബ് ജുമാ മസ്ജിദില്‍ ആയിരുന്നു ഖബറടക്കം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളാണ് മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്.