‘രോഗികളും കൂട്ടിരിപ്പുകാരും ചേർന്നാണ് അക്രമിയെ പിടിച്ചുമാറ്റിയത്’ : ഡോ. ഇർഫാൻ
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് അക്രമത്തിനിരയായ ഡോക്ടർ ഇർഫാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി മദ്യപിച്ചിരുന്നുവെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കുന്നു.
അപകടം സംഭവിച്ച് ചികിത്സയ്ക്കായി എത്തിയതായിരുന്നു പ്രതി ഡോയൽ. എന്നാൽ പ്രാഥമിക ചികിത്സ കഴിഞ്ഞതോടെ ഡോയലിന്റെ സ്വഭാവം മാറിയെന്ന് ഡോക്ടർ ഇർഫാൻ പറയുന്നു.
‘മറ്റ് പേഷ്യന്റ്‌സിന്റെ അടുത്ത് പ്രൊസീജ്യറിനായി പോയപ്പോഴാണ് ഇയാളുടെ മട്ട് മാറുന്നത്. ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്തു. നീയൊരു ഡോക്ടറാണ്, നിന്നെ എനിക്ക് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന തരത്തിലായിരുന്നു സംസാരം. പിന്നാലെ ഇയാൾ മർദിക്കുകയായിരുന്നു. മറ്റ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചുമാറ്റിയത്’- ഡോ.ഇർഫാൻ പറഞ്ഞു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതിനെ തുടർന്ന് ഡോയലിനെ ആശുപത്രിയിൽ എത്തിച്ചത്. വട്ടേക്കുന്ന് സ്വദേശിയാണ് ഡയോൽ. ഡയോലിനെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.