വയറ്റിൽ പഞ്ഞിക്കെട്ട് മറന്നുവച്ച സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി
കൊല്ലം എഴുകോൺ ഇ എസ് ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി. എഴുകോൺ സ്വദേശിയായ ചിഞ്ചു രാജാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്ക് ശേഷം പഞ്ഞിക്കെട്ട് ശരീരത്തിൽ മറന്ന് വെച്ചുവെന്നാണ് ആരോപണം.
ഈ ശനിയാഴ്ചയായിരുന്നു എഴുകോൺ ഇ.എസ്.ഐയിൽ വച്ച് ചിഞ്ചുരാജിൻ്റെ പ്രസവ ശസ്ത്രക്രിയ. ഇതിന് പിന്നാലെ അസഹ്യമായ വേദനയെത്തുടർന്ന് രണ്ടുദിവസം ഐസിയുവിൽ തുടർന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് എക്സ്-റേ പരിശോധന നടത്തിയത്. ഇത് കണ്ട ഡോക്ടർമാർ സ്കാനിംഗിന് നിർദ്ദേശിച്ചു. സ്കാനിംഗ് റിപ്പോർട്ട് ഡോക്ടർമാർ തന്നെ വാങ്ങിക്കൊണ്ടു പോയതായും ബന്ധുക്കൾക്ക് ലഭ്യമാക്കിയില്ല എന്നും പരാതിയുണ്ട്. ഇതിന് പിന്നാലെ ചിഞ്ചുവിനെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കി. കട്ട പിടിച്ച രക്തം നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില കൂടുതൽ വഷളായി. കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലേക്ക് മാറ്റാം എന്നാവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പൊലീസിൽ പരാതി നൽകിയതിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
സംഭവത്തിൽ ഇ എസ് ഐ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടാൻ മന്ത്രി ശിവൻകുട്ടി തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദ്ദേശം. സംസ്ഥാനത്തെ ഇഎസ്ഐയുടെ ചുമതലയുള്ള തൊഴിൽ മന്ത്രി എന്ന നിലയിലാണ് വി.ശിവൻ കുട്ടിയുടെ ഇടപെടൽ.