Thursday, January 23, 2025
Kerala

കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണം

കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ട. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണം. നെടുമ്പാശേരി വിമാനതാവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പുറത്തെത്തിക്കും വഴി പിടികൂടിയ സ്വർണമുൾപ്പടെയാണ് ഇത്.

2021 മാർച്ച് മുതൽ 2022 ഡിസംബർ വരെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1003 കിലോ സ്വർണമാണ് എറണാകുളം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്താൻ ശ്രമിച്ച് പിടികൂടിയ സ്വർണത്തിന്റെ ഉൾപ്പടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക്. പ്രിവന്റീവ് വിഭാഗത്തിന് ലഭിക്കുന്ന രഹസ്യവിവരത്തെ പിന്തുടർന്ന് പിടികൂടിയതാണ് ഈ ഒരു ടണ്ണിൽ അധികവും. ഇക്കാലയളവിൽ 1197 കേസുകൾ രജിസ്റ്റർ ചെയ്തത്. സ്വർണ്ണക്കടത്തിന് പിടിയിലായത് 641 പേർ. ഈ ഇരുപത്തിയൊന്ന് മാസത്തിനുള്ളിൽ ഈടാക്കിയ പിഴ 1 കോടി 36 ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി ഇരുപത്തിനാല് രൂപ.

2021 മാർച്ച് മുതൽ 2022 ഡിസംബർ വരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം, തൃശൂർ യൂണിറ്റ് പിടികൂടിയത് ഇരുപത്തിയഞ്ചേകാൽ കിലോ സ്വർണമാണ്.16 കേസുകൾ രജിസ്റ്റർ ചെയ്തു. സ്വർണകടത്തിന് 17 പേർ പിടിയിലായി. 2022ൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച് പിടികൂടിയത് 72 കിലോ 816 ഗ്രാം സ്വർണം. 33 സ്വർണക്കടത്തുകാർ പിടിയിലായി.അതിൽ ഒരു വനിതയും ഉൾപ്പെടുന്നു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലോ, പൊട്ടിക്കലിലോ കഴിഞ്ഞ വർഷം ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും വിവരവകാശ മറുപടി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *