തോമസിന് ചികിത്സ വൈകിയിട്ടില്ല’, മെഡിക്കല്‍ കോളേജിന് വീഴ്ച്ചയില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്
വയനാട്: കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. മുതിർന്ന ഡോക്ടർമാർ കണ്ടശേഷമാണ് തോമസിനെ മാറ്റാൻ നടപടി എടുത്തത്. തോമസിനെ കൊണ്ടുപോകുമ്പോൾ സ്റ്റാഫ് നഴ്സ് ഉൾപ്പടെ കൂടെ ഉണ്ടായിരുന്നു. രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷമാണ് കൊണ്ട് പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
തോമസിനെ മാരകമായി കടുവ ആക്രമിച്ചിരുന്നു. ധാരാളം മുറിവുകള്‍ ഉണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ രോഗിയെ കണ്ടിരുന്നു. രോഗിയെ സ്റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 108 ആംബുലന്‍സിലാണ് കൊണ്ടുപോയത്. സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളില്‍ നിന്നും ഉണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണമാണ് മരണം സംഭവിച്ചു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും ഡിഎംഇയുടെ റിപ്പോര്‍ട്ടിലുണ്ട്.