Monday, April 14, 2025
Kerala

താനൂരിൽ വിദ്യാർത്ഥി മരിച്ച സംഭവം; സ്കൂൾ ബസിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി

മലപ്പുറം താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു. സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്റ്റർക്ക് ശുപാർശ നൽകും. ഇന്ന് മോട്ടോർ വാഹന വകുപ്പ് സ്കൂളിൽ പരിശോധന നടത്തും.

ഇന്നലെയാണ് സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്എന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വാഹനത്തിനു പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *