പിപിഇ കിറ്റ് ഉയർന്ന വിലയ്ക്ക് വാങ്ങിയത് ദൗർലഭ്യം മൂലം; വിവാദത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ
പിപിഇ കിറ്റ് വിവാദത്തിൽ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. പിപിഇ കിറ്റ് ഉയർന്ന വിലയ്ക്ക് വാങ്ങിയത് ദൗർലഭ്യം മൂലമാണെന്ന് കെ കെ ശൈലജ പറഞ്ഞു. 50,000 കിറ്റ് വാങ്ങാനായിരുന്നു തീരുമാനം.എന്നാൽ 15,000 കിറ്റ് മാത്രമാണ് വാങ്ങിയത്. പി പി ഇ കിറ്റ് സുലഭമായപ്പോൾ ഉയർന്ന വില റദ്ദാക്കിയെന്നും കെ കെ ശൈലജ വ്യക്തമാക്കി.
കൊവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തില്‍ കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് ലോകായുക്ത നോട്ടിസയച്ചു.
ഒരു മാസത്തിനകം നോട്ടിസിന് മറുപടി നല്‍കണമെന്നാണ് ഉത്തരവിൽ പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ് നായരുടെ ഹര്‍ജിയിലാണിത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ്, ഗ്ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം.