ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കും: വീണ ജോർജ്
തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്ടറെ മര്‍ദ്ദിച്ചതായാണ് പരാതി. അതേസമയം ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.