Monday, January 6, 2025
Kerala

പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദമാണെങ്കിൽ എൻഡിഎ പങ്കെടുക്കുമെന്ന് ലിജിൻ ലാൽ

പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കിൽ എൻഡിഎ പങ്കെടുക്കും എന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ. ചെളി വാരി എറിയാനുള്ള സംവാദങ്ങൾക്ക് താല്പര്യമില്ല എന്നും ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിലെ വികസനം പറഞ്ഞ് സംവാദം നടത്താൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് യുഡിഎഫിനെ വെല്ലുവിളിച്ചിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിത്ത് വിവാദം ചർച്ചയാക്കും എന്ന് എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. മിത്ത് വിവാദം കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും രണ്ടു നയമാണ് സിപിഐഎമ്മിന് എന്നും ലിജിൻ ലാൽ പറഞ്ഞു. രാഷ്ട്രീയ ചർച്ച അനിവാര്യമെങ്കിൽ അതിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഡിഎ സ്ഥാനാർഥി കൂടി വന്നതോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ചൂട് വർധിച്ചു. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണി സ്ഥാനാർഥികൾ. രാവിലെ മൂവരും സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മാന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയിൽ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കൾ വിവിധ പരിപാടികളിൽ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദർശനങ്ങളിലാണ്. മന്ത്രി വിഎൻ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എൽഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളിൽ പാർട്ടി സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിർദേശ പത്രിക സമർപ്പിക്കുക. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഇന്നലെ മണ്ഡലത്തിൽ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയിൽ നിന്ന് പര്യടനം പരിപാടികൾ ആരംഭിക്കും. കേന്ദ്ര മന്ത്രിമാർ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.

കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻ ലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *