കെ എം മാണി അഴിമതിക്കാരനാണെന്ന പരാമർശം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തിരുത്തി
കെ എം മാണി അഴിമതിക്കാരനാണെന്ന പരാമർശം സുപ്രീം കോടതിയിൽ തിരുത്തി സംസ്ഥാന സർക്കാർ. അന്നത്തെ സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സർക്കാർ അഭിഭാഷകൻ രഞ്ജിത്ത് കുമാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധമെന്നായിരുന്നു കഴിഞ്ഞ തവണ സർക്കാർ അഭിഭാഷകൻ പറഞ്ഞിരുന്നത്്
കെ എം മാണിയെ സർക്കാർ അഭിഭാഷകൻ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചതിൽ എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് എമ്മിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. എന്നാൽ സർക്കാരിന് മാണി അഴിമതിക്കാരനാണെന്ന അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കുകയായിരുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങൾക്ക് നേരെ കയ്യേറ്റ ശ്രമം നടന്നു. ഈ ഘട്ടത്തിലാണ് സംഘർഷം രൂക്ഷമായതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.