Wednesday, April 9, 2025
Kerala

സിപിഐഎം വിതയ്ക്കുന്നു, ബിജെപി കൊയ്യുന്നു; വിമര്‍ശനവുമായി സാദിഖലി തങ്ങള്‍

സിപിഐഎമ്മിന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സി.പിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്തു. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാന്‍ സിപിഐഎം ശ്രമിച്ചെന്നും ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് സിപിഐഎമ്മുകാര്‍ ഇനിയും പഠിക്കാനുണ്ടെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാനില്ലെങ്കില്‍ പല കുതന്ത്രങ്ങളും സിപിഐഎം പുറത്തെടുക്കാറുണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തവണ കരീംക്കയും കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും ഇതിനുദാഹരണമാണ്. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാനായിരുന്നു ശ്രമം. സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടായി. ഇതിനെല്ലാം വലിയ പ്രഹരമാണ് സിപിഐഎമ്മിനുണ്ടായത്. ഇടതില്ലെങ്കില്‍ ലീഗ് രണ്ടാം പൗരന്‍മാരാകുമെന്നൊക്കെ തമാശയാണ് . ലോകത്ത് മുസ്ലീം വിഭാഗത്തിന് പ്രയാസമുണ്ടാവുമ്പോള്‍ പ്രസ്താവന ഇറക്കുന്ന സിപിഐഎ സദ്ദാം ഹുസൈനെയും പലസ്തീനെയും കാട്ടി മുസ്ലിം വോട്ട് തട്ടാന്‍ ശ്രമിക്കാറുണ്ട്.

കേരളത്തില്‍ മാത്രം സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചതും മുസ്ലീം സംവരണം വെട്ടിക്കുറച്ചതും സിപിഐഎം സര്‍ക്കാറുകളാണ്. ഇസ്ലാമോഫോബിയയാണ് പിണറായി പൊലീസിന്റെ മുഖമുദ്ര. കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ പോലും ഈ വിവേചനം പ്രകടമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍സി.പിഐഎം വിതയ്ക്കുന്നത് ബിജെപിയാണ് കൊയ്യുന്നത്. ലീഗിന്റെ സ്വാധീന മേഖലകളില്‍ ഒന്നും ബി.ജെ പിക്ക് വോട്ട് ലഭിച്ചിട്ടില്ല. സംഘപരിവാറിനെ ആശയപരമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണിതെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *