ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി സർക്കാർ. ഏപ്രിൽ 16, 17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
പരിശോധന വ്യാപകമാക്കും, ഊർജിതമായ വാക്‌സിനേഷൻ, കർശന നിയന്ത്രണം എന്നീ മൂന്ന് തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർ, പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഡെലിവറി എക്‌സിക്യൂട്ടീവുകൾ തുടങ്ങി ഹൈ റിസ്‌ക് ആളുകളെ കണ്ടെത്തി പരിശോധന നടത്തും
ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദേശങ്ങളിൽ മൊബൈൽ ആർടിപിസിആർ ടെസ്റ്റിംഗ് യൂനിറ്റുകൾ ഉപയോഗപ്പെടുത്തും. വലിയ തിരക്കുള്ള മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്തുന്നതിന് നേരത്തെയുണ്ടായിരുന്ന പോലെ മുൻകൂർ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയും ഔട്ട് ഡോർ പരിപാടികളിൽ 150 ആയും പരിമിതപ്പെടുത്തി.
ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകൾ കൂടാതെ ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, വകുപ്പ് സെക്രട്ടറിമാർ, പോലീസ് ഉദ്യോഗസ്ഥർ, ജില്ലാ കലക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.