പ്രകാശിനെ ആത്മഹത്യയിലേക്ക് നയിച്ചത് സുഹൃത്തുക്കളുടെ മര്‍ദനമെന്ന് കണ്ടെത്തല്‍: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചയാളെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്ന കുണ്ടമണ്‍കടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യയില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുഹൃത്തുക്കളായ ആര്‍.എസ്.എസുകാരുടെ മര്‍ദനമാണ് പ്രകാശിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. പ്രവര്‍ത്തകരുടെ അറസ്റ്റ് ആശ്രമം കത്തിക്കല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നു സ്വാമി സന്ദീപാനന്ദഗിരി
ട്വന്റിഫോറിനോട് പ്രതികരിച്ചു.
2022 ജനുവരി മൂന്നിനാണ് കുണ്ടമണ്‍കടവ് സ്വദേശിയായ പ്രകാശ് വീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയ പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് തന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോട് ഏറ്റുപറഞ്ഞിരുന്നു.
ഇതോടെ നാല് വര്‍ഷം കഴിഞ്ഞ ആശ്രമം കത്തിക്കല്‍ കേസ് അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുണ്ടായി. എന്നാല്‍ നിര്‍ണായക മൊഴി നല്‍കിയ പ്രശാന്ത് കോടതിയില്‍ മൊഴി മാറ്റിയത് വീണ്ടും തിരിച്ചടിയായി.അന്വേഷണം വീണ്ടും വഴിമുട്ടി നില്‍ക്കേയാണ് പ്രകാശിന്റെ ആത്മഹത്യയില്‍ ആര്‍.എസ്.എസുകാര്‍ അറസ്റ്റിലാവുന്നത്. പ്രകാശിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ കൃഷ്ണകുമാര്‍,ശ്രീകുമാര്‍,സതികുമാര്‍, രാജേഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
പരസ്ത്രീബന്ധം ആരോപിച്ച് ഇവര്‍ പ്രകാശിനെ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അറസ്റ്റിലായ പ്രതികള്‍ക്കു ആശ്രമം കത്തിക്കല്‍ കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നു സ്വാമി സന്ദീപാനന്ദ ഗിരി ആരോപിച്ചു. പ്രകാശിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ആശ്രമം കത്തിക്കലും തെളിയുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. മറ്റ് ചില നിര്‍ണ്ണായക മൊഴികളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.