കായംകുളം എസ്‌ഐയുടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിച്ചു; നടപടി സിപിഐഎം നേതാവുമായുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ
സിപിഐഎം പ്രാദേശിക നേതാവുമായുള്ള തര്‍ക്കത്തിന് പിന്നാലെ കായംകുളം എസ്‌ഐയെ സ്ഥലംമാറ്റിയ ഉത്തരവ് പിന്‍വലിച്ച് പൊലീസ്. സിപിഐഎം നേതാവുമായുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു എസ്‌ഐയുടെ സ്ഥലംമാറ്റ ഉത്തരവും സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടത്. ചര്‍ച്ചകള്‍ വ്യാപകമായതോടെ ഈ ഉത്തരവ് പൊലീസ് പിന്‍വലിക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലംമാറ്റം ഇപ്പോള്‍ വേണ്ടെന്നാണ് തീരുമാനമെന്ന് കായംകുളം ഡിവൈഎസ്പി അറിയിച്ചു.
സ്ഥലംമാറ്റ ഉത്തരവ് നേരത്തെ ഇറക്കിയിരുന്നുവെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. ഇന്നലെ രാവിലെയാണ് കായംകുളം എസ്‌ഐ ശ്രീകുമാറും ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌കറും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പും പുറത്തെത്തിയത്. എന്നാല്‍ ഈ ഉത്തരവിന് സിപിഐഎം നേതാവും ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന തര്‍ക്കവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥനെ ഹരിപ്പാടേക്ക് സ്ഥലം മാറ്റിയായിരുന്നു ഉത്തരവ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഉത്തരവ് നടപ്പാക്കിയാല്‍ അതിന് രാഷ്ട്രീയമാനങ്ങള്‍ വരുമെന്ന് കരുതിയാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഉത്തരവ് താത്ക്കാലികമായാണ് മരവിപ്പിച്ചിരിക്കുന്നത്.