Monday, January 6, 2025
Kerala

മണ്ഡലകാലത്തെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; ഒരുക്കങ്ങള്‍ തുടങ്ങി

ഭക്തിസാന്ദ്രമായി ഇനി ശബരിമലയില്‍ മണ്ഡലകാല ഉത്സവത്തിന്റെ നാളുകള്‍. കൊവിഡ് നാളുകള്‍ക്ക് ശേഷമുള്ള ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് ലക്ഷക്കണക്കിന് ഭക്തരെയാണ് സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നത്. ശബരിമലയില്‍ ഒരുക്കങ്ങളും സജീവമാണ്. ബുധനാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെത്തി തുടങ്ങുക.

ഇത്തവണ ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി മൂന്ന് കാനന പാതകളും നല്‍കും.എരുമേലി പേട്ടതുള്ളി കാല്‍നടയായി എത്തുന്ന ഭക്തര്‍ക്ക് കരിമല പാതയും വണ്ടിപ്പെരിയാര്‍ സത്രം പുല്ലുമേട് വഴി സന്നിധാനത്തേക്കെത്താനുള്ള കാനനപാതയുമുണ്ട്. നീലിമല വഴിയുള്ള പാത നവീകരണ പ്രവൃത്തികളുടെ അന്തിമ ഘട്ടത്തിലാണ്.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന് തുടക്കമായി. ഉച്ചയോടെ മന്ത്രി കെ രാജന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടകരെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുകയും ക്രോഡീകരിക്കുകയും ഇതിലൂടെ ചെയ്യാം. അടിയന്തിര സാഹചര്യങ്ങളില്‍ വകുപ്പുമേധാവികളെ ഏകോപിപ്പിച്ച് തീരുമാനങ്ങളുമെടുക്കും. പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട കളക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവ ഒരുമിച്ചാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം.

ശബരിമല തീര്‍ത്ഥാടന കാലത്തു പൊതുജനസേവനാര്‍ത്ഥം പല വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി എത്തിച്ചേറാറുണ്ട്. ഇക്കുറി സേവനമനുഷ്ഠിക്കുന്ന അഞ്ഞൂറ് ഉദ്യോഗസ്ഥര്‍ക്കായി പത്തനംതിട്ട ജില്ലാ ഭരണകൂടം ഏകദിന പരിശീലന ശില്പശാലയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *