കോവിഡ് രോഗി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണം
കോവിഡ് രോഗി മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്ന ആരോപണം. ആലപ്പുഴ മെഡിക്കൽ വണ്ടാനം മെഡിക്കല്‍ കോളജിനെതിരെയാണ് ആരോപണം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ മാസം അവസാനമാണ് ദേവദാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ആശുപത്രിയിൽ വച്ച് കോവിഡ് ബാധിതനായതോടെ ഈ മാസം ഒമ്പതിന് ഐസിയുവിലേക്ക് മാറ്റി. 12-ാം തീയതി മരിച്ചു.
എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് ഐസിയുവിൽ എത്തി വിവരം തിരക്കിയപ്പോഴാണ് മോർച്ചറിയിലേക്ക് മാറ്റിയ വിവരം അറിയുന്നത്. എന്നാൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയിൽ നൽകിയ നമ്പറിലേക്ക് വിളിച്ചിരുന്നു എന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.