കേരളത്തില്‍ ഐ.എസ് സ്ലീപ്പര്‍ സെല്ലുകളില്ല; ശ്രദ്ധയിൽപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഐ.എസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവൃത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നജീബ് കാന്തപുരം, യുഎ ലത്തീഫ്, എംകെ മുനീര്‍, പി അബ്ദുല്‍ ഹമീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ പൊലീസ് മേധാവി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ലീപ്പര്‍സെല്ലുകളെ കുറിച്ച് പ്രതികരിച്ചത്. ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടെന്നും അവരുടെ പ്രവര്‍ത്തനത്തിലൂടെ ഇത്തരം സെല്ലുകളുടെ പ്രവര്‍ത്തനം കുറക്കാനാകുമെന്നും മുന്‍ ഡി.ജി.പി വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളിയത്.