സ്വർണ്ണക്കടത് ചർച്ചയ്ക്കിടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് മാത്യു കുഴൽനാടൻ; മുഖ്യമന്ത്രിയിൽ നിന്നും പ്രതികരണം തേടി സ്‌പീക്കർ
മുഖ്യമന്ത്രിയിൽ നിന്നും പ്രതികരണം തേടി സ്‌പീക്കർ എം ബി രാജേഷ്. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടീസിലാണ് നടപടി. സ്വർണ്ണക്കടത് ചർച്ചയ്ക്കിടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്
നിയമസഭാ ചട്ടം 154 പ്രകാരമാണ് മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് സ്‌പീക്കർക്ക് നൽകിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയാണ് അവകാശ ലംഘന നോട്ടീസിന് ആധാരം.
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മെന്റർ ജൈക് ബാലകുമാറാണെന്ന പരാമർശം അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനുമറുപടിയായി മുഖ്യമന്ത്രി ഇത് നിഷേധിച്ചുകൊണ്ട് മാത്യു കുഴൽനാടൻ എംഎൽഎ പച്ചക്കള്ളം പറയുന്നുവെന്നാണ് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചത്.
എന്നാൽ ചർച്ചയ്ക്ക് പിന്നാലെ മാത്യു കുഴൽനാടൻ വാർത്താസമ്മേളനം വിളിക്കുകയൂം ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിടുന്ന സാഹചര്യമുണ്ടായി. വെബ്‌സൈറ്റിൽ നേരത്തെ ഉണ്ടായിരുന്ന ചിത്രങ്ങൾ സഹിതമാണ് മാത്യു കുഴൽനാടൻ എംഎൽഎ പുറത്തുവിട്ടത്.
ഇതുമായി ബന്ധപ്പെട്ട തെളിവുകളും സ്‌പീക്കർക്ക് അവകാശ ലംഘന നോട്ടീസിനൊപ്പം മാത്യു കുഴൽനാടൻ കൈമാറി. ഈ വിഷയത്തിലാണ് സ്പീക്കർ മുഖ്യമന്ത്രിയിൽ നിന്നും പ്രതികരണം തേടിയത്. മുഖ്യമന്ത്രിയുടെ വിശദീകരണം കൂടി ലഭിച്ചശേഷം ആയിരിക്കും വിഷയത്തിൽ നടപടി സ്വീകരിക്കുക.