വ്യാജരേഖ ചമച്ച കേസ്; അട്ടപ്പാടി ആർ.ജി.എം കോളജിലെ അധ്യാപകർ കെ. വിദ്യയ്ക്കെതിരെ വീണ്ടും മൊഴി നൽകി
കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് അഗളി പൊലീസ് അട്ടപ്പാടി ആർ.ജി.എം കോളേജിലെ അധ്യാപകരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മലയാളം എച്ച്.ഒ.ഡി പ്രീത മോൾ, മലയാളം അധ്യാപിക ജ്യോതി ലക്ഷ്മി എന്നിവരാണ് അഗളി പൊലീസിന് വിണ്ടും മൊഴി നൽകിയത്. വിദ്യക്കെതിരായ മൊഴിയിൽ തന്നെ ഇവർ ഉറച്ചു നിൽക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോഴാണ് ഇവർ പഴയ മൊഴിയിൽ തന്നെ ഉറച്ച നിന്നത്.
കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളജിൽ നിന്നും ഇന്നലെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കോളജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പൊലീസ് ശേഖരിച്ചു. കരിന്തളം സർക്കാർ കോളജിൽ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവൺമെന്റ് കോളജിൽ വ്യാജരേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ച കേസിൽ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കരിന്തളം കോളജിൽ വ്യാജരേഖ ഹാജരാക്കി ജോലി നേടിയ കേസിൽ വിദ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ആരെയും വഞ്ചിക്കുകയോ വ്യക്തിപരമായ നേട്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ വഞ്ചനാക്കേസ് നിലനിൽക്കില്ല, രാഷ്ടീയ പ്രേരിതമായ കേസിൽ തന്നെ വ്യക്തിഹത്യ ചെയ്യാനും കരിയർ നശിപ്പിക്കാനുമാണ് ശ്രമം, അന്വേഷണവുമായി സഹകരിക്കാം, ഏതു ജാമ്യവ്യവസ്ഥയും അംഗീകരിക്കാമെന്നുമാണ് വിദ്യ ജാമ്യ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം വിദ്യക്ക് പൊലീസ് സംരക്ഷണം നൽകുന്നുവെന്ന വിമർശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയാണ് വിദ്യയെ വ്യാജരേഖ തയ്യാറാക്കാൻ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.