Monday, March 10, 2025
Kerala

ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോർജ്

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകൾ, ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മ ജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ജീവനക്കാർക്ക് പകർച്ചവ്യാധികൾ, മുറിവ്, മറ്റ് രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കൽ പരിശോധന നടത്തുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരേയും കൈവശം വയ്ക്കുന്നവർക്കെതിരേയും നടപടികൾ സ്വീകരിക്കും. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നടപടികളും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *