കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും; നേരിട്ടെത്തില്ല, ഓണ്‍ലൈനായി പങ്കെടുക്കും
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും. ഓണ്‍ലൈനായിട്ടായിരിക്കും പങ്കെടുക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി എന്നിവര്‍ക്കാണ് യോഗത്തില്‍ ക്ഷണം.
യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഓണ്‍ലൈനായി പങ്കെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ നേതാക്കള്‍ അറിയിച്ചു. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിനു പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് നവകേരള സദസ് വേദികളില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.തിങ്കളാഴ്ച്ച രാവിലെ പത്തു മണിക്കാണ് ചര്‍ച്ച. കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ നടത്താനിരിക്കുന്ന നീക്കങ്ങളില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടും. കേന്ദ്ര സമീപനത്തെ വിമര്‍ശിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ് കേടും പ്രതിപക്ഷം ആക്ഷേപമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമുള്ള പ്രതിപക്ഷ നിലപാട് നിര്‍ണ്ണായകമാകും.