Sunday, January 5, 2025
Kerala

മലപ്പുറത്തും നിപ ജാഗ്രത നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി.

അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്. അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി ഉയർത്തി. മുപ്പതാം തീയ്യതി മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. പതിനൊന്നാം തിയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പ‍ർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്. അതിനിടെ, നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.

ആദ്യം മരിച്ച പ്രവാസി കുടുംബ ചടങ്ങിലും ബാങ്കിലും പള്ളിയിലും എത്തിയതായി റൂട്ട് മാപ്പിൽ പറയുന്നു. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ബന്ധൂവീടുകൾക്ക് പുറമേ സൂ‍പ്പര്‍ മാർക്കറ്റിലും കുടുംബാരോഗ്യേകേന്ദ്രത്തിലുമെത്തിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രകാരം അടുത്ത സമ്പർക്കമുണ്ടായ ആളുകളെ മാത്രമാകും നിരീക്ഷണത്തിലേക്ക് മാറ്റുക. നിപ്പയ്ക്കുള്ള പ്രത്യേക മരുന്ന് എത്തിക്കുന്നതടക്കം നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 2 പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *