നിപ: കണ്ടെയിന്‍മെന്റ് സോണിലെ പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല
നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്. കണ്ടെയിന്‍മെന്റ് സോണിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്.
നിപ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. കോഴിക്കോട് ജില്ലയിലെ നിപ പ്രതിരോധ സംഘം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം കോഴിക്കോട് നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. സമ്പര്‍ക്കപ്പട്ടികയില്‍ 702 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 50 പേരുമാണുള്ളത്.
രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരുടെ സാമ്പിള്‍ പുണെയിലേക്ക് അയച്ചു. നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 22-നാണ് ഇയാള്‍ അസുഖബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെ തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു.
25ാം തീയതി, മുള്ളാര്‍ക്കുന്ന് ബാങ്കില്‍ രാവിലെ 11 മണിയോടെ കാറില്‍ എത്തി. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തി. 26ന് രാവിലെ 11 – 1.30 ന് ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കില്‍. 28-ാം തീയതി രാത്രി 9 മണിയോടെ ഇഖ്‌റ റഹ്‌മ ആശുപത്രി തൊട്ടില്‍ പാലം. 29ാംതീയതി പുലര്‍ച്ചെ 12.02- ഓടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്ക്. ഇവിടെവെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തീയതി ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് എത്തിച്ചു.