Sunday, January 5, 2025
Kerala

‘നുണ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസ്സില്ല’; പ്രതികരണവുമായി കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണകടത്തുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍. കല്ലുവെച്ച നുണ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി പറയാന്‍ മനസ്സില്ലെന്നും മറച്ചുവയ്‌ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധര്‍മയുദ്ധങ്ങളും ജയിച്ചിട്ടുള്ളതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാണ് കുറിപ്പിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. വീടിന്റെ മുന്‍വശത്ത് ഇരുന്ന് ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *