കണ്ടെത്തലുകള്‍ ഗുരുതരം; മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതിയുടെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ മാത്രമല്ല പുറത്ത് വന്നത് ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണെന്നും ഇത് ഗൗരവത്തോടെ കാണുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടണോ എന്നത് പിന്നീട് തീരുമാനിക്കും. അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്നും അറിയിപ്പ് ലഭിച്ചതിനുശേഷം ആവശ്യമെങ്കില്‍ നിയമോപദേശം ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്നാണ് വീണയ്‌ക്കെതിരായ ആരോപണം. ഇടപാട് നിയമവിരുദ്ധമാണെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ വിലയിരുത്തല്‍.
പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് യാതൊരു സേവനവും നല്‍കാതെ പണം നല്‍കിയിരിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.അതേസമയം ആരോപണം തള്ളി സിഎംആര്‍എല്‍. വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി അജിത്ത് കര്‍ത്ത പ്രതികരിച്ചിരുന്നു.