ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ
വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ “ആസാദ് കശ്മീർ”എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കശ്മീരിനെപ്പറ്റിയുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനൊടുവിൽ വാൽക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്.
ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയർന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കൊപ്പം ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം. ജലീലിന്റെ മുന്‍ സിമി ബന്ധമുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ ആക്രമിക്കുന്നത്.
പ്രതിപക്ഷനേതാവിന്റേതുള്‍പ്പടെ യു.ഡി.എഫ് നേതാക്കളുടെ കൂടുതല്‍ പ്രതികരണങ്ങള്‍ ഇന്നുണ്ടായേക്കും. വിഷയത്തില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. ജലീലിന്റെ പരാമര്‍ശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.