ഗർഭിണിയെ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു: അടിയന്തിരഅന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൽപ്പറ്റ: ആശുപത്രിയിലേക്ക് പുറപ്പെട്ട ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകളോളം വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വയനാട് പടിഞ്ഞാറത്തറ സ്വദേശിനി സി.കെ. നാജിയ നസ്റിന് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കും മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർക്കും അന്വേഷണത്തിന് ഉത്തരവ് നൽകിയത്. ഇരുവരും 7 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
കോഴിക്കോട് അത്തോളിയിലെ ഭർത്താവിൻറെ വീട്ടിൽ നിന്നും യുവതിയും ഭർത്താവും ഇക്കഴിഞ്ഞ 8 ന് രാവിലെ കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാണാൻ കാറിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളമുണ്ടയിൽ വച്ചാണ് എ എസ്. ഐ മുഹമ്മദലി തടഞ്ഞുവെച്ചു മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയി ഒന്നര മണിക്കൂർ നിർത്തി. യുവതിയുടെ ആരോഗ്യസ്ഥിതി പോലും പോലീസ് ഉദ്യോഗസ്ഥർ പരിഗണിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എഫ് ഐ ആർ പച്ചക്കള്ളമാണെന്ന് പരാതിയിൽ പറയുന്നു. കൽപ്പറ്റ നടത്തുന്ന അടുത്ത സിറ്റിംഗിൽ കേസ് കമ്മീഷൻ പരിഗണിക്കും.നിലവിൽ പരാതിക്കാരിയുടെ ഭർത്താവിനെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു യാത്ര ചെയ്തതിനു വെള്ളമുണ്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആറ് ഇട്ടിട്ടുണ്ട്.