ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷം,കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെ: എം വി ഗോവിന്ദൻ
കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് ഇത്തവണ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. 224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നിലയിൽ ഏറെ മുന്നിലാണ് കോൺഗ്രസ്.നിലവിൽ കോൺഗ്രസ് 133 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 63 സീറ്റുകളിലും ജെഡിഎസ് 22 സീറ്റുകളിലും മുന്നിലാണ്.