കെ എം ഷാജിക്കെതിരായ രാഷ്ട്രീയ പകപോക്കല്‍; കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുസ്‌ലിംലീഗ്
കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നും കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുസ്‌ലിംലീഗ് ജില്ല പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പു നല്‍കി. ഷാജിയുടെ കണ്ണൂരിലുള്ള വീട്ടില്‍ നിന്നും ഇന്നലെ വിജിലന്‍സ് സംഘം 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി. ഇതിനെതിരേയാണ് മുസ് ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമാക്കുവാനുള്ള ജില്ലാഭരണകൂടത്തിന്റെ ശ്രമങ്ങളെ യോഗം സ്വാഗതം ചെയ്തു. വിഷു ആഘോഷം, റമദാന്‍ പ്രത്യേക പ്രാര്‍ഥനകള്‍, വെള്ളിയഴ്ച ജുമുഅ, ഞായറാഴ്ച ചര്‍ച്ചുകളിലെ പ്രാര്‍ഥന എന്നിവയോട് ഉദാര ഇളവ് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സി പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, എന്‍ സി അബൂബക്കര്‍, കെ എ ഖാദര്‍ മാസ്റ്റര്‍, എസ് പി കുഞ്ഞമ്മദ്, കെ മൊയ്തീന്‍ കോയ, വി പി ഇബ്രാഹിം കുട്ടി, എം എ മജീദ്, വി കെ ഹുസൈന്‍ കുട്ടി, റഷീദ് വെങ്ങളം, ഒ പി നസീര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സികെവി യൂസഫ്, സമദ് പൂക്കാട്, യു സി രാമന്‍, ഒ കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.