Thursday, January 9, 2025
Kerala

‘വന്ധ്യത ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വിഷപ്പുക കാരണമാകും’; സഭയിൽ വി.ഡി സതീശൻ

ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാർ പ്രതിപക്ഷത്തെയും ജനങ്ങളെയും പ്രകോപിപ്പിക്കുന്ന മറുപടികളാണ് നൽകിയതെന്നും കരാറുകാരൻ നടത്തേണ്ട പ്രസന്റേഷനാണ് മന്ത്രി സഭയിൽ നടത്തിയതെന്നും വി.ഡി സതീശൻ തുറന്നടിച്ചു.

പത്തു കോടിയുടെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത കമ്പനിയാണ് ബ്രഹ്‌മപുരത്ത് ഉള്ളത്. കരാർ കമ്പനിയെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ അന്വേഷണം നടത്താത്തത്. ബ്രഹ്‌മപുരത്ത് തീ ഇട്ടത് കരാർ കമ്പനിയാണ്. 22 കോടിയാണ് കരാർ കമ്പനി കൈപ്പറ്റിയത്. 10% മാലിന്യം പോലും അവർക്ക് നീക്കം ചെയ്യാനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ തീയിട്ട് കത്തിച്ചതാണെന്ന് നാട്ടുകാർക്ക് എല്ലാവർക്കും അറിയാം. കുട്ടികൾ ഉണ്ടാകാതിരിക്കുന്നത് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വിഷപ്പുക കാരണമാകുമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.

അഞ്ചാം തീയതി നടത്തിയ യോഗത്തിൽ മാസ്‌ക് ധരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്, എന്നാൽ അടുത്ത ദിവസത്തെ ദിവസത്തെ ദേശാഭിമാനി റിപ്പോർട്ട് നോക്കൂ, അതിൽ അത്തരമൊരു നിർദേശമില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. വിഷയം സിബിഐ അന്വേഷിക്കണമെന്നും സർക്കാരിനാണ് പ്രശ്‌നത്തിന്റെ ഒന്നാമത്തെ ഉത്തരവാദിത്വമെന്നും വി.ഡി സതീശൻ സഭയിൽ പറഞ്ഞു.

രോഗം ബാധിച്ചവർക്കുള്ള നഷ്ടപരിഹാരം കൂടി സർക്കാർ നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. ‘കേരളത്തിന്റെ ടൂറിസത്തെ ബാധിക്കുന്ന, കേരളത്തെ അപമാനിക്കുന്ന സംഭവമാണിത്. പരിസ്ഥിതിയും മലിനീകരണ നിയന്ത്രണവും മുഖ്യമന്ത്രിയുടെ വകുപ്പാണ്. മുഖ്യമന്ത്രി ചെറുവിരൽ അനക്കിയിട്ടില്ല. ഏതൊക്കെയോ യോഗം കൂടിയതിന്റെ കണക്കാണ് ഇവർ പറയുന്നത്. കരാറുകാരൻ സർക്കാരിന് വേണ്ടപ്പെട്ടയാളാണ്. ഇതിന്റെ അപകടം അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്’- പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *