തൈപ്പൊങ്കൽ; കേരളത്തിലെ ആറ് ജില്ലകളിൽ നാളെ അവധി: പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും അവധി. പകരം ശനിയാഴ്ച ഈ ജില്ലകളിൽ പ്രവർത്തി ദിവസമായിരിക്കും. 2022-ലെ സര്‍ക്കാര്‍ കലണ്ടറിൽ തൈപ്പൊങ്കലിന് ജനുവരി 15 ശനിയാഴ്ചയാണ് അവധി നൽകിയിരുന്നത്. എന്നാൽ ഈ അവധിവെള്ളിയാഴ്ചയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷൻ സംസ്ഥാന കൗണ്‍സിൽ സര്‍ക്കാരിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പ്രാദേശിക അവധി മാറ്റിയതെന്ന് ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു.
വെള്ളിയാഴ്ച തൈപ്പൊങ്കൽ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള സര്‍വകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 14 ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന കേരള വനിത കമ്മിഷൻ സിറ്റിംഗിനും മാറ്റമുണ്ടാവില്ല.