1.20 ലക്ഷം രൂപ ചെലവും വരും, നിറം മാറ്റാൻ സാവകാശം വേണം’; സർക്കാരിനെ സമീപിച്ച് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ
നിറം മാറ്റാൻ സാവകാശം വേണം, സർക്കാരിനെ സമീപിച്ച് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനകൾ.ഒറ്റദിവസംകൊണ്ട് നിറം മാറ്റുക അപ്രായോഗികമാണെന്ന് സംഘടനാനേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംഘടന സമീപിച്ചിട്ടുണ്ട്.
കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് സർക്കാർ ഏകീകൃത നിറം നിർബന്ധമാക്കിയതെന്ന് കോൺട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്തൻ ആരോപിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ കക്ഷി ചേരും. നിറംമാറ്റുന്നതിന് എതിർപ്പില്ല. ഒരു ബസ് നിറംമാറ്റാൻ കുറഞ്ഞത് മൂന്നാഴ്ചവേണം. 1.20 ലക്ഷം രൂപ ചെലവും വരും -അദ്ദേഹം പറഞ്ഞു.
നിലവിലെ നിയമപ്രകാരം 2022 ജൂൺ മുതലാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റർ ചെയ്യുന്ന പുതിയ ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നവയ്ക്കും വെള്ള നിറം അടിക്കേണ്ടിവരും. നിലവിൽ ഫിറ്റ്നസ് ഉള്ളവയ്ക്ക് കാലാവധി തീരുന്നതുവരെ അതേ നിറത്തിൽ തുടരാം. എന്നാലും സർക്കാർ നിർദേശപ്രകാരം ഏകീകൃത നിറത്തിലേക്ക് മാറാൻ തയ്യാറാണ്. മൂന്നുമാസത്തെ സാവകാശമെങ്കിലും അതിന് വേണമെന്നും സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.