പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ആക്‌സിലേറ്ററിൽ കാൽ അമർന്ന് നിയന്ത്രണം പോയെതെന്ന് പ്രതി പ്രിയരഞ്ജൻ
കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ അപകടം മനഃപൂർവമല്ലെന്ന് പ്രതി പ്രിയരഞ്ജൻ. ആക്‌സിലേറ്ററിൽ കാൽ അമർന്നു പോയതെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുപറ്റി പോയി എന്നും ആക്സിലേറ്ററില്‍ കാല്‍ അമര്‍ന്ന് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നും പ്രിയരഞ്ജന്‍ പറഞ്ഞു.
തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രിയരഞ്ജന്‍റെ പ്രതികരണം. സംഭവം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു.
തിരുവനന്തപുരം കാട്ടാക്കട പൂവച്ചിലിൽ കഴിഞ്ഞ മാസം 30-നായിരുന്നു സംഭവം. പത്താം ക്ലാസുകാരനായ ആദിശേഖറിനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പൊലീസ് ഇന്നലെ പിടികൂടിയത്. പ്രിയരഞ്ജനെതിരെ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്.
ഇയാൾ മദ്യപിച്ചിരുന്നതായി ദൃസാക്ഷികൾ പൊലീസിനുമൊഴി നൽകി. കുട്ടിയെ ഇടിച്ച ശേഷം തൊട്ടക്കലെ കാർ നിർത്തിയ പ്രതി അമിതവേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതി മദ്യപിച്ച് പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണം.