എസ്എൻഡിപി യോഗത്തിന്‍റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല; ശശിധരന്‍ കമ്മീഷന്‍ നിയമനത്തിന് സ്റ്റേ
എറണാകുളം:എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങളും ശുപാർശയും നൽകാൻ റിട്ട.ജസ്റ്റിസ് ജി.ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സർക്കാരിന് കമ്മിഷനെ നിയമിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി സ്വദേശിയും എസ്.എൻ.ഡി.പി അംഗവുമായ ആർ.വിനോദ് കുമാറടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്.
ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. ജസ്റ്റിസ് ജി.ശശിധരനെ നിയമിച്ച് സർക്കാർ ഏപ്രിൽ 19നാണ് ഉത്തരവിട്ടത്. എന്നാൽ ഇന്ത്യൻ കമ്പനി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു, തിരഞ്ഞെടുപ്പ് നടത്താനുള്ള എസ്എൻഡിപി യോഗത്തിന്‍റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും, ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണിതെന്നും ഹർജിയിലുണ്ട്.