മാധ്യമ സ്വാതന്ത്ര്യത്തെ സിപിഐഎം തടസപ്പെടുത്തിയിട്ടില്ല, അഖില നന്ദകുമാറിനെതിരെയുള്ളത് സാധാരണ അന്വേഷണ നടപടി മാത്രം; ഇ.പി ജയരാജൻ
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരായിയനുസരിച്ച് മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മാധ്യമ സ്വാതന്ത്ര്യത്തിൽ ഉത്കണ്ഠ വേണ്ടെന്നും ഇന്ത്യയിൽ മറ്റാരേക്കാളും ഇടത് പക്ഷമാണ് മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തെ സിപിഐഎം തടസപ്പെടുത്തിയിട്ടില്ല. സാധാരണ അന്വേഷണ നടപടി മാത്രമാണ് മാധ്യമ പ്രവർത്തകയുടെ കാര്യത്തിലുള്ളത്. പരാതി കിട്ടിയാൽ അന്വേഷിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
സിദ്ദീഖ് കാപ്പൻ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഐഎം. ഈ പാർട്ടി എക്കാലവും സ്വാതന്ത്ര്യത്തിനായി നിലകൊണ്ടിരുന്നു. മാധ്യമ വേട്ടയ്ക്ക് പ്രോത്സാഹനം നൽകിയവർ ഇപ്പോൾ സംരക്ഷകരുടെ വേഷത്തിൽ എത്തിയിരിക്കുകയാണ്. പരാതി കൊടുത്താൽ അന്വേഷണം നടത്തും. അന്വേഷണത്തിൽ രേഖകളും തെളിവുകളുമുണ്ടെങ്കിൽ കേസെടുക്കുമെന്നും അന്വേഷണ നടപടികളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഇടതുപക്ഷ സമീപനം. ഒരാൾക്കെതിരെയും തെറ്റായ നിലപാട് സ്വീകരിച്ചിട്ടില്ല. തെറ്റായ പ്രചാരണം അവസാനിപ്പിക്കണം. പരാതി കൊടുത്തിട്ട് അന്വേഷിച്ചില്ലെങ്കിൽ വിമർശനമുണ്ടാകുമെന്നും ഇപി പറഞ്ഞു.
അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. സിപിഐ നേതാവ് സി. ദിവാകരൻ സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി. ദിവാകരൻ തുറന്നടിച്ചിരുന്നു.
മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാർഥി സി.എ ഫാസിൽ നാലാം പ്രതിയുമാണ്. ഇവർക്കു പുറമെയാണ് കെഎസ്യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയത്.