സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി
സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.
ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും പി എസ് സരിത്തിന്റെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബം, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നിര്‍ദേശം നല്‍കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ, കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഹര്‍ജിക്കാരന്‍ എങ്ങനെ കോടതിയെ സമീപിക്കുന്നുവെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ ചോദിച്ചിരുന്നു.