Saturday, January 4, 2025
Kerala

സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു: തുടര്‍ച്ചയായ അഞ്ചാംദിവസവും വില മുകളിലോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില 90 രൂപ കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. പാറശാലയില്‍ 90 രൂപ 22 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്. കോവിഡ് വാക്സിന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‍വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇത്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ 6നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടന്നത്.

ഇന്ധനവില എണ്ണ കമ്പനികൾ  ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്.

ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്.

കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *