Friday, April 18, 2025
Kerala

‘ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തും’; മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം

ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട നടപടികളുമായി മുന്നോട്ടു പോകാൻ മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും മതേതര ഇന്ത്യയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും യോഗത്തിനു ശേഷം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിംലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിൻ നടപടികൾ ദേശീയ തലത്തിൽ പൂർത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരണം 15 ദിവസത്തിനുള്ളിലുണ്ടാവും. മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റർ ഏറെ വൈകാതെ പ്രവർത്തന സജ്ജമാക്കും. രജിസ്ട്രഷൻ സംബന്ധിച്ച നടപടികൾ ഇ.ടി മുഹമ്മദ് ബഷീർ എം.പി കൺവീനറായ എം.പിമാരും ഡൽഹിയിലെ പ്രമുഖ അഭിഭാഷകരും പ്രഫഷണലുകളും ഉൾപ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുന്നമുറയ്ക്ക് സോഫ്റ്റ് ലോഞ്ചിങ് നടക്കും.

അടുത്ത ദേശീയ കമ്മിറ്റി യോഗം ഖാഇദെമില്ലത്ത് സെന്ററിൽ തന്നെ ചേരുന്ന രീതിയിലാണ് ആലോചിക്കുന്നത്. തിയതി ഉടൻ പ്രഖ്യാപിക്കും. നിർമാണപ്രവർത്തനങ്ങൾ ഉൾപ്പെടെ മുഴുവൻ പ്രവൃത്തികളും കഴിഞ്ഞതിന് ശേഷം സമ്പൂർണ ഉദ്ഘാടനം പ്രഖ്യാപിക്കും. യോഗത്തിൽ മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.

ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ വൈസ് പ്രസിഡന്റ് ദസ്തഗീർ ആഗ, ദേശീയ സെക്രട്ടറിമാരായ ഖുംറം അനീസ് ഉമർ, സിറാജ് ഇബ്രാഹിം സേട്ട്, കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം അബൂബക്കർ, ദേശീയ സെക്രട്ടറി സി.കെ സുബൈർ, എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് വി.പി അഹമ്മദ് ഷാജു, ദേശീയ ജനറൽ സെക്രട്ടറി എസ്.എച്ച് അർഷദ്, ഖാഇദെ മില്ലത്ത് പ്രൊജക്റ്റ് കോഡിനേറ്റർ പി.എം.എ സമീർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *