Wednesday, April 16, 2025
Kerala

ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: വിശദീകരണവുമായി ആരോഗ്യമന്ത്രി

ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പദ്ധതി ഏറ്റെടുത്തത് മുതല്‍ ദ്രുതഗതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കൃത്യമായി സാങ്കേതിക സമിതി യോഗങ്ങള്‍ ചേര്‍ന്നാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. പുതിയ ഉപകരണങ്ങള്‍ ഇംപ്ലാന്റ് ചെയ്യുന്നതിനായി സമര്‍പ്പിക്കപ്പെട്ട 84 അപേക്ഷകളില്‍ 25 ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ആശുപത്രികള്‍ക്ക് തുക കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി.

നിലവില്‍ 112 പേര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി സൗജന്യ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്കൊപ്പം പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടി ലഭ്യമായ 120 അപേക്ഷകളില്‍ 117 നും സംസ്ഥാന ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇവയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അര്‍ഹരായ എല്ലാ കുട്ടികളേയും പരിഗണിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേ ഇത്തരം പ്രചാരണം കുട്ടികളേയും രക്ഷിതാക്കളേയും ആശങ്കപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. എംപാനല്‍ ചെയ്ത 6 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നു. നിലവില്‍ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവ സമയ ബന്ധിതമായി നടപ്പിലാക്കാനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കമ്പനികളെ കണ്ടെത്തി കെ.എം.എസ്.സി.എല്‍. മുഖേന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കിലാണ് ഈ കമ്പനികളെ തെരഞ്ഞെടുത്തിട്ടുള്ളത്. മെയിന്റനന്‍സ് നടപടികള്‍ക്കായുള്ള തുക, കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്ത ഓരോ കുട്ടിക്കും 50,000 രൂപ വീതം അതത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ വകയിരുത്തി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കൈമാറുവാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ശ്രുതിതരംഗം പദ്ധതിയില്‍ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നല്‍കാനില്ല. അതിനാല്‍ തന്നെ ആശങ്ക വേണ്ട. കോക്ലിയര്‍ ഇംപ്ലാന്റേഷനുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ സംശയങ്ങള്‍ക്കും ഏതെങ്കിലും ആശുപത്രിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ 0471-4063121, 2960221 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *