Sunday, January 5, 2025
Kerala

ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രചാരണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ഹോമിയോപ്പതി മെഡിക്കല്‍ സ്റ്റോറിന്റെ നിര്‍മാണ ഉദ്ഘാടനം ഇലന്തൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് പ്രതിരോധത്തില്‍ കേരളം ഫലപ്രദമായ ഇടപെടല്‍ നടത്തി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും അനുബന്ധ മേഖലയിലും കേരളം മാതൃകയാണ്. കോവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതിലും, വാക്‌സിന്‍ ഫലപ്രദമായി വിതരണം നടത്തുന്നതിലും കേരളം രാജ്യത്ത് ഒന്നാമതാണ്. പോസ്റ്റ് കോവിഡ് രോഗങ്ങള്‍ ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട നിലയാണുള്ളത്. ഇതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവിത ശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. ജോണ്‍സണ്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.ജെ. സിനി, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ തുളസിയമ്മ, പത്തനംതിട്ട ഹോമിയോ ഡിഎംഒ ഡോ. ഡി. ബിജുകുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശീതള്‍ സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹോമിയോ വകുപ്പിന്റെ 2019-20 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ലാ ഹോമിയോപ്പതി മെഡിക്കല്‍ സ്റ്റോര്‍ നിര്‍മാണം നടത്തുന്നത്. ഇരുനിലകളിലായുള്ള കെട്ടിടം ഏഴ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *