ഭാര്യയെ കുറിച്ചുള്ള സംശയങ്ങള്‍ കൊലയിലേക്ക് എത്തിച്ചു, ‘പകല്‍ സമയത്ത് നടത്തി, രാത്രി കുഴിച്ചിട്ടു’; സജീവന്റെ മൊഴി
കൊച്ചി:കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെന്ന് സജീവന്‍ മൊഴി നല്‍കിയതായി പൊലീസ്. വൈപ്പിന്‍ ഞാറയ്ക്കലില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് വെളിപ്പെടുത്തല്‍ എന്ന് പൊലീസ് പറയുന്നു.
ഇന്ന് വൈകീട്ടോടെയാണ് ഒന്നര വര്‍ഷം മുന്‍പ് കാണാതായ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയെ (32) കൊന്ന് വീടിന് സമീപം കുഴിച്ചുമൂടി എന്നാണ് ഭർത്താവ് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ കാര്‍പോര്‍ച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിലാണ് അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചത് രമ്യയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് പറയുന്നത്.
2021 ഒക്ടോബര്‍ 16നാണ് സജീവന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കയര്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് സജീവന്റെ മൊഴി. പകല്‍സമയത്താണ് കൊല നടത്തിയത്. രാത്രി കുഴിച്ചിട്ടെന്നും സജീവന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
സജീവന്‍ തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തില്‍ കാര്യമായ താല്‍പര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് സജീവന്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അതേസമയം, രമ്യയെ കാണാതായ സംഭവത്തില്‍ നാട്ടുകാര്‍ക്ക് സജീവന്റെ പെരുമാറ്റത്തില്‍ കാര്യമായ സംശയം തോന്നിയിരുന്നില്ല എന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും നാട്ടുകാര്‍ പറയുന്നു.