വെള്ളത്തിന്റെ വില സിംഗിൾ ബെഞ്ച് പറയും; അപ്പീൽ തീർപ്പാക്കി ഡിവിഷൻ ബെഞ്ച്
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയതു സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തീര്‍പ്പാക്കി. വിഷയം സിംഗിള്‍ ബെഞ്ച് പരിഗണിച്ചു തീര്പ്പാക്കട്ടെയെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.
സിംഗിള്‍ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെന്നും സര്‍ക്കാരിനു വാദങ്ങള്‍ സിംഗിള്‍ ബെഞ്ചില്‍ ഉന്നയിക്കാമെന്നും പറഞ്ഞ ഡിവിഷന് ബെഞ്ച്, ഹര്‍ജി രണ്ടുമാസത്തിനകം തീര്‍പ്പാക്കാനും നിര്‍ദേശിച്ചു. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് വിലയിരുത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
കേരള അവശ്യ സാധനനിയമത്തില് ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ചതെന്നും ഇക്കാര്യം ശരിയായി വിലയിരുത്താതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവു സ്റ്റേ ചെയ്തതെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.