കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 210ന് പുറത്ത്; ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്
കേപ് ടൗൺ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഇന്ത്യ 13 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 223 റൺസാണ് എടുത്തത്. 17ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 76.3 ഓവറിൽ 210ന് പുറത്താകുകയായിരുന്നു
അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിക്കൊടുത്തത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഷാർദുൽ താക്കൂർ ഒരു വിക്കറ്റുമെടുത്തു. 72 റൺസെടുത്ത കീഗൻ പീറ്റേഴ്‌സണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ബവുമ 28 റൺസും കേശവ് മഹാരാജ് 25 റൺസുമെടുത്തു. റബാദ 15, ഒലിവർ 10, വാൻഡർസൻ 21 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 10 റൺസെടുത്ത രാഹുലിന്റെയും ഏഴ് റൺസെടുത്ത മായങ്ക് അഗർവാളിനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്. നിലവിൽ 9 റൺസുമായി പൂജാരയും ഏഴ് റൺസുമായി വിരാട് കോഹ്ലിയും ക്രീസിലുണ്ട്. ഇന്ത്യ നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിലാണ്.